Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tunnel Road

തുരങ്കപാത: ബാദുഷയുടെ വീട്ടിലേക്ക് പ്രഖ്യാപിച്ച മാര്‍ച്ചിനെ ജനകീയമായി ചെറുക്കുമെന്ന് പരിസ്ഥിതി-സാമൂഹിക സംഘടനകള്‍

കല്‍പ്പറ്റ: ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാത നിര്‍മാണത്തിന് കേന്ദ്രമന്ത്രാലയം അനുവദിച്ച പരിസ്ഥിതി അനുമതി റദ്ദാക്കുന്നതിന് സൂപ്രീം കോടതിയെ സമീപിച്ച വയനാട് പ്രകൃതി സംരക്ഷണ സമിതിയുടെ പ്രസിഡന്‍റ് എന്‍. ബാദുഷയെ ചിലര്‍ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും വീട്ടിലേക്ക് മാര്‍ച്ച് പ്രഖ്യാപിക്കുകയും ചെയ്തിനെതിരേ പരിസ്ഥിതി-സാമൂഹിക സംഘടനകള്‍ രംഗത്ത്.

ബാദുഷയുടെ വീട്ടിലേക്ക് ഞായറാഴ്ച വൈകുന്നേരം നടത്തുമെന്ന് പ്രഖ്യാപിച്ച മാര്‍ച്ചിനെ ജനകീയമായി നേരിടുമെന്ന് വിവിധ സംഘടനാ പ്രിനിധികളായ അഡ്വ.സന്തോഷ് നെട്ടൂരാന്‍, രാജേഷ് കൃഷ്ണന്‍, കെ.വി. പ്രകാശ്, അബു പൂക്കോട്, ബഷീര്‍ ആനന്ദ് ജോണ്‍, തോമസ് അമ്പലവയല്‍, കെ.വി. ഗോകുല്‍ദാസ്, ബാബു മൈലമ്പാടി, കൃഷ്ണന്‍കുട്ടി കല്‍പ്പറ്റ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മാര്‍ച്ച് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബാദുഷ പോലീസ് സംരക്ഷണം തേടിയതായും സൈബര്‍ ആക്രമണത്തിനെതിരേ പരാതി നല്‍കിയതായും അവര്‍ അറിയിച്ചു. യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയുമാണ് സംസ്ഥാന സര്‍ക്കാര്‍ തുരങ്കപാത നിര്‍മാണത്തിന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ സ്റ്റേജ് വണ്‍, സ്റ്റേജ് ടു ക്ലിയറന്‍സ് നേടിയത്.

പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നല്‍കിയതിനെതിരേ വയനാട് പ്രകൃതി സംരക്ഷണ സമിതിക്കുവേണ്ടി പ്രസിഡന്‍റ് എന്‍. ബാദുഷയും സെക്രട്ടറി തോമസ് അമ്പലവയലും സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ഈ സാഹചര്യത്തിലാണ് അവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വലിയ പരിസ്ഥിതി വിനാശത്തിന് കാരണമാകുന്നതാണ് തുരങ്കപാത പദ്ധതി. തുരങ്ക പാതയ്ക്കു ഉപയോഗപ്പെടുത്തേണ്ട സ്ഥലത്തിനു സമീപമാണ് 2024 ജൂലൈ 30ന് ഉരുള്‍പൊട്ടിയ പുഞ്ചിരിമട്ടം, 17 പേരുടെ ജീവനെടുത്ത 1984ലെ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍, പിന്നീട് ഉരുള്‍ പൊട്ടല്‍ ഉണ്ടായ കവളപ്പാറ, പാതാര്‍, പുത്തുമല എന്നിവ തുരങ്കം നിര്‍മിക്കേണ്ട മലനിരയുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്.

പ്രകൃതിയിലും സമൂഹത്തിലും തുരങ്കപാത പദ്ധതി ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. ഇത് കണക്കിലെടുത്തും ഭാവി തലമുറയെ മുന്നില്‍ക്കണ്ടുമാണ് പ്രകൃതി സംരക്ഷണ സമിതിയും മറ്റു പ്രസ്ഥാനങ്ങളും തുരങ്ക പാത നിര്‍മാണത്തെ എതിര്‍ക്കുന്നത്.

തുരങ്ക പാത പദ്ധതിക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചതിന്‍റെ പേരില്‍ ബാദുഷയ്‌ക്കെതിരേ നടക്കുന്ന സൈബര്‍ ആക്രമണം വച്ചുപൊറുപ്പിക്കാവുന്നതല്ല. റിയല്‍ എസ്റ്റേറ്റ്-ടൂറിസം താത്പര്യങങളാണ് ഇതിന് പിന്നില്‍. വയനാട്ടുകാര്‍ക്ക് പ്രത്യേക ഗുണം ചെയ്യുന്നതല്ല തുരങ്ക പാത. വയനാടിനു പുറത്തേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്നതിന് താമരശേരി ചുരത്തിലൂടെയടക്കം നിലവിലുള്ള പാതകള്‍ ബലപ്പെടുത്തുകയാണ് ചെയ്യേണ്ടത്.

തുരങ്ക പാത നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി നല്‍കുന്നതിന് വച്ച ഉപാധികളില്‍ ചിലതിന്‍റെ ലംഘനം നടന്നുകഴിഞ്ഞു. ഉപാധികളില്‍ ഒന്നിന് വിരുദ്ധമായാണ് മല തുരക്കുന്നതിന് ബ്ലാസ്റ്റിംഗ് നടത്തിയത്.

നാല് പതിറ്റാണ്ടായി പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവര്‍ത്തിക്കുന്നയാളാണ് ബാദുഷ. വനനശീകരണത്തിനെതിരേയും എടക്കല്‍ ഗുഹ സംരക്ഷണത്തിനും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ നടന്ന പോരാട്ടങ്ങള്‍ ശ്രദ്ധേയമാണ്. വയനാടിന്‍റെ പരിസ്ഥിതി കാവലാളായ ബാദുഷയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും നിശബ്ദനാക്കാമെന്ന് ആരും കരുതേണ്ടെന്നും പരിസ്ഥിതി-സാമൂഹിക സംഘനാ പ്രതിനിധികള്‍ പറഞ്ഞു.

Latest News

Corehub Up